വണ്ടിപ്പെരിയാർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റുചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് പുതുവൽ മിശിഹാഭവനിൽ ഗിഫ്സണ്‍ (27) ആണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബർ 27-നാണ് വണ്ടിപ്പെരിയാർ ഡൈമുക് സ്വദേശിനിയായ 17-കാരിയെ കാണാതായതായി മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതേദിവസംതന്നെ ഗിഫ്സണേയും കാണാതായതായി വിവരം ലഭിച്ചു. മൊബൈൽ ഫോണ്‍ സുഹൃത്തിനെ ഏൽപിച്ചിട്ടാണ് ഇയാൾ മുങ്ങിയത്.
പോലീസിന്റെ അന്വേഷണത്തിൽ സുഹൃത്തിന്റെ ഉടുന്പൻചോല വട്ടപ്പാറയിലുള്ള ഏലത്തോട്ടത്തിൽ ഗിഫ്സണും പെണ്‍കുട്ടിയും ഒളിച്ചുതാമസിക്കുകയാണെന്നു കണ്ടെത്തി. പിന്നീട് വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ പോസ്കോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും വരുംദിവസങ്ങളിൽ ഇവർക്കായുള്ള അന്വേഷണം നടത്തുമെന്നും വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു. സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ രഘു, പോലീസ് ഓഫീസർമാരായ എസക്കിമുത്തു, മഹേഷ് ഷിജു, ഷാജഹാൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.