വിഴിഞ്ഞം: അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയ ആൾക്കാർ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതിഷേധത്തിനിടയിൽ പ്രതിയുടെ സഹോദരി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കി. കുഴഞ്ഞു വീണ യുവാവിന്റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്ത കോട്ടപ്പുറം സ്വദേശി ഗ്രിഫിൻ എന്ന യുവാവിനെ വിട്ടുകിട്ടാനായിരുന്നു പ്രതിഷേധം. അയൽവാസിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
കസ്റ്റഡിയിൽ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കൾക്കൊപ്പം ഒരു വിഭാഗം രാഷ്ട്രീയ പാർട്ടി പ്രവർത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങൾ വഷളായി.
വൈകുന്നേരത്തോടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാർ സ്റ്റേഷനിലെത്തിയതോടെ സ്ഥലം സംഘർഷത്തിന്റെ വക്കിലായി. ഫോർട്ട് എസിയുടെ നേതൃത്വത്തിലുള്ള വൻ പോലീസും രംഗത്തെത്തി.
ഇതിനിടയിലാണ് നാടകീയമായ യുവതിയുടെ ആത്മഹത്യാശ്രമവും മാതാവിന്റെ കുഴഞ്ഞു വീഴലും. പ്രശ്നം രൂക്ഷമായതോടെ പോലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു. വിഴിഞ്ഞത്തുനിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാത്രി പത്തു വരെയും സ്ഥലത്ത് നിലയുറപ്പിച്ചു.
പ്രതിയുടെ ബന്ധുക്കളും നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന് പോലീസ് അറിയിച്ചു.രാത്രി പത്തിന് ശേഷം പ്രതിഷേധക്കാർ പിരിഞ്ഞു പോയി.