ഗാന്ധിനഗര്‍: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ക്കു മുറിയെടുത്തു കൊടുത്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഇരുപത്തിനാലുകാരനെതിരേയാണു ലൈംഗിക പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
കുട്ടികളെ ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്നതിനെതിരേ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: രാജസ്ഥാനില്‍ പോയി താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നു വിദ്യാര്‍ഥികളായ കമിതക്കള്ക്ക് പ്രതി വാഗ്ദാനം നല്കി. അവിടെ പോകുന്നതുവരെ എറണാകുളത്തെ ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കാനായി ഇയാള്‍ സൗകര്യം ഒരുക്കിക്കൊടുത്തു.
അതിനായി ഇയാള്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയുടെ പക്കല്‍നിന്നു മോതിരവും കമ്മലും വാങ്ങി പണയം വച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളെ എത്തിക്കുകയും അവിടെനിന്നു ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിച്ചു ലോഡ്ജ് എടുത്തു നല്‍കുകയും ചെയ്തു. പിന്നീടു പ്രതി നാട്ടിലേക്കു മടങ്ങി.
പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് അന്വേഷണത്തിലാണു പെണ്‍കുട്ടി എറണാകുളത്തുള്ള ലോഡ്ജിലുണ്ടെന്നു കണ്ടെത്തിയത്. കുട്ടികളെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തപ്പോഴാണു വിവരങ്ങള്‍ പുറത്തു വരുന്നത്. കുട്ടികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി. ഗാന്ധിനഗര്‍ എസ്ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.