പരിയാരം: നിരോധിച്ച നോട്ടുകളുടെ ഇടപാടുമായി ബന്ധപ്പെട്ടെത്തിയ ഉത്തരേന്ത്യക്കാരെ കണ്ണൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം ഇരിങ്ങല്‍ സ്വദേശി തുന്തക്കച്ചി ഹൗസില്‍ നിസാമുദ്ധീന്‍ എന്ന നിസാമിനെ(26)യാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ ടി.സി. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. മുംബെയില്‍നിന്നും സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരെത്തിയ നാലുപേരെ തടങ്കലില്‍വെച്ച് മര്‍ദ്ദിച്ചതായി മുംബൈയിലെ ഡോ. ഓംരാജ് ലോകേഷ് നല്കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു.
ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇരിങ്ങലിലെ കെട്ടിടത്തില്‍നിന്നും പോലീസ് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു. ഈ സംഭവങ്ങളിലെ പ്രതിയായ നിസാമുദ്ധീനെയാണ് ഒളിവില്‍ കഴിയുന്നതിനിടയില്‍ കാഞ്ഞങ്ങാട് നിന്ന് പോലീസ് പിടികൂടിയത്.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട നോട്ടുകളുടെ കൈമാറ്റമാണെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവനായ ഗുരുജിയുടെ ഉത്തരേന്ത്യക്കാരായ ഏജന്റുമാരാണ് കണ്ണൂരെത്തിയതെന്ന് ചോദ്യം ചെയ്യലിലൂടെയും സൈബര്‍സെല്ലിന്റെ സഹായത്തോടെ ലഭിച്ച തെളിവുകളിലൂടെയും പോലീസിന് വ്യക്തമായിരുന്നു.
ഇതേ തുടര്‍ന്ന് മര്‍ദ്ദനമേറ്റതായി പരാതിപ്പെട്ട ഓംരാജ്, സാമദാന്, അഷ് വിന്, ബല്‍ഗാമിലെ സഞ്ജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.