കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഡിസ്കോ ജോക്കി(ഡിജെ) അടക്കം നാലുപേര്‍ അറസ്റ്റില്‍.
ആലുവ സ്വദേശികളായ നിസ്വിന്‍(39), ഡെന്നീസ്(42), ജോമി (48), ബംഗളൂരു സ്വദേശി ഡിസ്കോ ജോക്കിയായ അന്‍സാര്‍(48) എന്നിവരാണ് പിടിയിലായത്.1.6 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
നിശാപാര്‍ട്ടികളില്‍ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രജിസ്റ്ററില്‍ നിന്നും ശേഖരിച്ചുവരികയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും.
നഗരത്തിലെ ലഹരിമരുന്ന് പാര്‍ട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പോലീസുമായി സഹകരിച്ച് പരിശോധനയുണ്ടാകുമെന്നും എക്സൈസ് വ്യക്തമാക്കി.
നിശാപാര്‍ട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സ്നിഫര്‍ ഡോഗ് എഡ്മണ്ടിനെയും കസ്റ്റംസ് റെയ്ഡിനായി ഉപയോഗിച്ചു. എഡ്മണ്ടാണ് ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ നിന്ന് മണത്ത് കണ്ടെടുത്തത്. ശനിയാഴ്ച രാത്രി 11.40 ന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ രണ്ടു വരെ നീണ്ടുനിന്നു.
എറണാകുളത്തെ രണ്ട് ആഡംബര ഹോട്ടലുകളിലും ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് അടക്കമുള്ളവ ഉപയോഗിക്കുന്നുണ്ടെന്നും ഈ പരിപാടികളില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും പങ്കടുക്കുന്നുണ്ടെന്നുമായിരുന്നു വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും സംയുക്തമായി പരിശോധന നടത്തുകയുമായിരുന്നു. അതീവ രഹസ്യമായി നടത്തിയ പരിശോധന പോലീസിനെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞദിവസം പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ പിടികൂടിയ മയക്കുമരുന്ന് സംഭവവുമായി ഇതിനു ബന്ധമില്ല. അനധികൃതമായി നടത്തുന്ന ഡിജെ പാര്‍ട്ടികള്‍ക്കെതിരെ കേസുകളെടുക്കുമെന്ന് അധികൃതർ പറഞ്ഞു.