ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവർ മുന്‍പും ഇത്തരം ബ്ലാക്ക് മെയിലിംഗ് നടത്തിയിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചു. പലരും പരാതി നൽകാത്തതിനാലാണ് വിവരം പുറത്ത് അറിയാതിരുന്നത്.
തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പോലീസിന്റെ പിടിയിലായ ഈ സംഘാംഗങ്ങൾ. തങ്ങളുടെ മയക്കുമരുന്നു വിൽപന വിപുലീകരിക്കുന്നതിന് ആവശ്യമായ പണം കിട്ടാനാണ് ഇവർ ചാലക്കുടിയിലെ വ്യവസായിയെ ബ്ലാക്ക് മെയിലിംഗ് നടത്താൻ പദ്ധതി ആസൂത്രണം ചെയ്തത്.
അറസ്റ്റിലായവരിൽ തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂർ പൂതംകോടി സ്വദേശി അരുണ്‍ (25) ആണ് ബ്ലാക്ക് മെയ്ലിംഗ് പദ്ധതി ആസൂത്രണം ചെയ്ത പ്രധാനിയെന്ന് പോലീസ് പറഞ്ഞു.
അരുണിന് പുറമെ പുളിമൂട് മഞ്ജുനിവാസിൽ അനന്തു (24), കാട്ടാക്കട കെളുത്തുമ്മൽ കിഴക്കേക്കര ഗോകുൽ ജി. നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ (23) എന്നിവരെയാണു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കഴലിയുടെ നിദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അരുണ്‍ ബിരുദാനന്തര ബിരുദധാരിയാണ്. അനന്തുവിനെതിരെ തിരുവല്ലം സ്റ്റേഷനിൽ പോലീസിനെ ആക്രമിച്ചതിനെതിരെയും സ്്റ്റേഷനിലെ ജീപ്പു തകർത്ത കേസുണ്ട്. ചാലക്കുടി സംഭവത്തിൽ വ്യവസായിയുടെ കയ്യിലെ പഴയ ഫോണ്‍ എങ്ങനെ ഇവരുടെ കൈകളിൽ എത്തിയത് ഇപ്പോഴും ദുരൂഹമാണ്.
ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യക്തിപരമായ ചിത്രങ്ങൾ അടങ്ങിയ ഫോണ്‍ കൈമോശം വന്നതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ ഫോണുകൾ, ലാപ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പോലീസ് ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.