പുനലൂർ: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കേരള കോൺഗ്രസ് യുവജന വിഭാഗം നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കരവാളൂർ സ്വദേശികളായ കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ശരൺ ശശി, സുഹൃത്ത് ബിജോയി എന്നിവരെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കേരള ഹെൽത്ത് കെയർ ആക്ട് പ്രകരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ആത്മഹത്യക്ക് ശ്രമിച്ച കരവാളൂർ സ്വദേശികളായ ദമ്പതികളെ ഇവരുടെ ബന്ധുക്കളും, ശരൺ ശശിയും മറ്റ് സുഹൃത്തുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ അപകടനില തരണം ചെയ്തതോടെ ഇരുവർക്കും കോവിഡ് ടെസ്റ്റ് നടത്തുവാൻ ഡോക്ടർ നിർദേശിച്ചു.കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് ആശുപത്രിയുടെ പുറത്തുകൂടി മാത്രമേ പോകാൻ കഴിയൂ. ആശുപത്രിയിലൂടെയുള്ള വഴി കോവിഡ് വാർഡിലൂടെ കടന്നുപോകുന്നതിനാൽ ഇതുവഴിയുള്ള പൊതു സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.
എന്നാൽ ഇതുവഴി ഇരുവരെയും കോവിഡ് ടെസ്റ്റിന് കൊണ്ടുപോകാത്തതിലും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ജീവനക്കാർ എത്തേണ്ടതിനാൽ സമയം വൈകിയതിലും പ്രകോപിതരായ ശരൺ ശശിയും ബിജോയിയും ഡോക്ടറോടും മറ്റും കയർക്കുകയും ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.
എന്നാൽ ആശുപത്രി ജീവനക്കാരോട് മാന്യമായി മാത്രമേ ഇടപെട്ടിട്ടുള്ളു എന്നും കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കുകയായിരുന്നുഎന്നുമാണ് പ്രതിഭാഗം പറയുന്നത്.
പ്രതികാര നടപടി അവസാനിപ്പിക്കണം: കേരള യൂത്ത് ഫ്രണ്ട്
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിലെ ക്രമക്കേടും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്നവർക്കെതിരെ ആശുപത്രി അധികൃതർ പ്രതികാര ബുദ്ധിയോടെ കള്ളക്കേസ് ചമയ്ക്കുകയാണെന്നു കേരള യൂത്ത് ഫ്രണ്ട് ആരോപിച്ചു.ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ശരൺ ശശി, ബിജോയ് എന്നിവർക്കെതിരെ നടന്നത്.
കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളുമായി താലൂക്ക് ആശുപത്രിയിൽ എത്തിയ ബന്ധുക്കളോട് കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമേ ചികിത്സ നൽകൂ എന്ന വാശി പിടിച്ച ഡോക്ടർ ആണ് പ്രശ്നങ്ങൾക്ക് കാരണം.തുടർന്ന് ടെസ്റ്റ് നടത്താൻ തയാറായ ബന്ധുക്കളോട് രോഗികളെ ആശുപത്രിക്ക് പുറത്തുകൂടി കോവിഡ് പരിശോധന കേന്ദ്രത്തിൽ എത്തിക്കാൻ പറയുകയും അറ്റൻഡറെ സഹായത്തിന് അനുവദിക്കാതിരിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത ശരണിനെതിരെ ഡോക്ടർ തട്ടിക്കയറുകയും ടെസ്റ്റ് മനപ്പൂർവം താമസിപ്പിക്കാൻ ഇടപെടുകയും ചെയ്തുവത്രെ.സംഭവം വിവാദമാകുമെന്നു കണ്ടപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്നു കിട്ടിയ നിർദേശ പ്രകാരം പിന്നീട് പോലീസിൽ കള്ളമൊഴി നൽകി കള്ളക്കേസ് എടുപ്പിക്കുകയായിരുന്നു എന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രതീഷ് അലിമുക്ക്, പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ്് അമൽ മോഹൻ എന്നിവർ പറഞ്ഞു. പതിഷേധിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.