പെരുമ്പാവൂർ: വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവൂർ വല്ലത്തിനു സമീപം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്നു പൈനാപ്പിളുമായാണ് സംഘം തമിഴ്നാട്ടിലേക്ക് പോകുന്നത്.
അവിടെ നിന്നു മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടുവന്നത്. മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു.