തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് അനാശാസ്യത്തിനു ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ്‍ നമ്പറും അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചെയ്ത ബി ടെക് വിദ്യാര്‍ഥി അറസ്റ്റില്‍. നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗികാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും ഫോണ്‍ നമ്പറും പലര്‍ക്കും അയച്ചുകൊടുത്തു.
ഇത്തരം വിളികള്‍ വന്നതോടെയാണ് യുവതി പരാതിയുമായി സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. അന്വേഷണത്തില്‍ പ്രതി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തി.സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ശേഖരിച്ച് അവരുമായി ചാറ്റ് ചെയ്ത് പരിചയം ദൃഢമാക്കുകയാണ് ഇയാളുടെ രീതി.
ശേഷം ഇവരുടെ നഗ്ന വീഡിയോകള്‍ അയച്ചുകൊടുക്കുന്നതിന് നിര്‍ബന്ധിക്കും. സ്ത്രീകളെ വീഡിയോകോള്‍ ചെയ്ത് റെക്കോര്‍ഡ് ചെയ്ത് നഗ്നവീഡിയോകള്‍ നിര്‍മിക്കുകയും ചെയ്യും.വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ചതില്‍ 42 സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതായും അറിഞ്ഞു.
സ്ത്രീകളുടെ നമ്പറുകള്‍ ഷെയര്‍ ചെയ്യുന്നതിന് വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിലവിലുള്ളതായി പോലീസ് കണ്ടെത്തി. ചതിയില്‍പ്പെട്ട മറ്റ് സ്ത്രീകളെ കണ്ടെത്തുന്നതിനും ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചും സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും ജാഗ്രത പുലര്‍ത്തണമെന്നും അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ പറഞ്ഞു.