ന്യൂഡൽഹി: പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഡൽഹിയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറിനെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾ അറസ്റ്റിലാണ്.
ഇയാളുടെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കവർച്ച കേസിലെ പ്രതിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒളിപ്പിക്കുകയും ചെയ്തു.
പിന്നീട് പ്രതിയെ മോചിപ്പിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രതിയുടെ സഹോദരിയെ സമീപിച്ചു.
പ്രതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറാണ് ഈ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.