ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22 വയസുകാരൻ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ സൽമാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചശേഷം പ്രധാനമന്ത്രിയെ വധിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ഡൽഹിയിലെ ഖജുരി ഖാ എന്ന സ്ഥലത്ത് നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസിലാക്കിയ പോലീസ് യുവാവിനെ പിടികൂടി. വീണ്ടും ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് വെളിപ്പെടുത്തി.
നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയാണ് സൽമാൻ. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്റലിജൻസ് വൃത്തങ്ങളും സൽമാനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.