തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപം ഊബർ ടാക്സി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. ഈഞ്ചക്കലിന് സമീപം വാടകക്ക് താമസിക്കുന്ന സന്പത്ത് (39) നെയാണ് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെ നാലു മണിയോടെ മാൾ ഓഫ് ട്രാവൻകൂറിന് സമീപത്തെ റോഡിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- ഊബർ ഡ്രൈവറായ സന്പത്തും ഇപ്പോൾ കസ്റ്റഡിയിലുള്ള യുവാവും സുഹൃത്തുക്കളായിരുന്നു.
സമീപകാലത്ത് യുവാവിനെ കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയതിനെ തുടർന്ന് ജയിലിലായി. പിന്നീട് ഇയാൾ ജയിൽ മോചിതനായി.
തന്നെ പോലീസിന് പിടികൂടാൻ സഹായിച്ചതും ഒറ്റ് കൊടുത്തതും ചെയ്തത് സന്പത്താണെന്ന വിരോധം ഇയാളുടെ മനസിലുണ്ടായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇയാളും സഹായിയും കൂടി സന്പത്തിനെ മാൾ ഓഫ് ട്രാവൻകൂറിന് സമീപം പിണക്കം മാറ്റാൻ ചർച്ചക്കു വിളിച്ചിരുന്നു.
ഇതിനിടെയാണ് സന്പത്തിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൈക്ക് ഗുരുതരമായി പരിക്കേറ്റ പ്രതി കൊലപാതകത്തിന് ശേഷം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
റോഡരുകിൽ സന്പത്തിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ട വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വഞ്ചിയൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.