കോതമംഗലം: പുതുപ്പാടിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾ കൊല്ലപ്പെട്ടു.
പ്രതി പോലീസിൽ കീഴടങ്ങി.
പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വെള്ളൂർ സ്വദേശി പുത്തൻപറമ്പിൽ പ്രിൻസ് ജോർജ് (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി ചാലിൽ പുത്തൻപുര ദിലീപ് (41) കോതമംഗലം പോലിസിൽ കീഴടങ്ങി.
ഇന്നലെ രാത്രി പത്തോടെ പുതുപ്പാടി സ്കൂളിന് സമീപമാണ് സംഭവം. ദിലീപിന്റെ പെൺസുഹൃത്തും പ്രിൻസുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു.
ഇതേത്തുടർന്നുള്ള പരാതിയിൽ ഇരുവരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരിക്കെയാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്.
പ്രിൻസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തടിപ്പണിക്കാരനാണ് കൊല്ലപ്പെട്ട പ്രിൻസ്.
മൊബൈൽ ടവർ ലൊക്കേഷനിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ദിലീപ്. കോതമംഗലം പോലീസ് മേൽനടപടികൾ ആരംഭിച്ചു.