പന്തളം: പട്ടാപ്പകല്‍ വീട്ടമ്മയെ കൈകള്‍ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ അയല്‍വാസിയായ യുവാവെന്ന് പോലീസ്. കേസില്‍ ഇന്നലെ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ ആദര്‍ശ് മോഷണം ആസൂത്രണം ചെയ്തശേഷം വീട്ടമ്മയുടെ കണ്മുമ്പില്പെടാതെ മാറിനില്ക്കുകയായിരുന്നുവെന്ന് വ്യക്തമായി.
കേസില്‍ സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയില്‍ സിജി ഭവനത്തില്‍ സുഗുണന് ( സിജു – 28), അനുജന് സുനില്‍ രാജേഷ്(25), തോന്നല്ലൂര്‍ ആനന്ദവിലാസത്തില്‍ എസ്.ആദര്‍ശ്(30) എന്നിവരാണ് ഇന്നലെ പിടിയിലായത്. കടയ്ക്കാട് ഉളമയില്‍ വീട്ടില്‍ റാഷിക്കിനെ(19) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കടയ്ക്കാട് പനയറയില്‍ ശാന്തകുമാരിയെ(72)കെട്ടിയിട്ട് മോഷണം നടത്തിയകേസിലാണ് അറസറ്റ്. കഴിഞ്ഞ 20-ന് പകല്‍ 12 മണിയോടെ വാഴയില വെട്ടാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് ശാന്തകുമാരിയെ കൈകള്‍ ബന്ധിച്ച് മോഷണം നടത്തിയത്.
മുൻപരിചയം
പത്തനംതിട്ട കുമ്പഴയിലുള്ള വര്‍ക്ഷോപ്പിലും മദ്യശാലകളിലും ഒത്തുചേര്‍ന്നു സ്ഥാപിച്ചെടുത്ത സുഹൃദ് ബന്ധമാണ് മോഷ്ടാക്കളുടേതെന്ന് പോലീസ് പറഞ്ഞു.. തോന്നല്ലൂര്‍ സ്വദേശിയായ ആദര്‍ശാണ് കടയ്ക്കാട്ട് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മോഷണം നടത്താനുള്ള ആശയം മുന്നോട്ടുവച്ചത്.
ആദര്‍ശിന് ശാന്തകുമാരിയുടെ വീടുമായി മുന്‍ പരിചയമുണ്ടായിരുന്നു. സംഭവദിവസം ഓട്ടോറിക്ഷയില്‍ കടയ്ക്കാട് ക്ഷേത്രത്തിനു സമീപമെത്തിയ സിജുവും സുനില്‍രാജേഷും ബൈക്കിലെത്തിയ മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് ആറ്റുതീരത്തെത്തി മദ്യപിച്ചശേഷം ആദര്‍ശ് തന്റെ ബൈക്കിലാണ് ഇവരെ വീടിനു സമീപം എത്തിച്ചത്.
മോഷണശേഷം തിരികെ ഓട്ടോയ്ക്ക് സമീപം എത്തിച്ചതും ആദര്‍ശാണ്.അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെയും മോഷണസ്ഥലത്തെത്തിച്ചശേഷം ആദര്‍ശ് മാറിനിന്നു. മൂന്നുപേരും വീട്ടിലെത്തുകയും റാഷിക്ക് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിച്ചശേഷം റാഷിക്കും മാറിനിന്നു. സിജുവും സുനില്‍ രാജേഷും ചേര്‍ന്നാണ് ശാന്തകുമാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചത്.
കാൽതൊട്ടു വന്ദിച്ച്..!
9000 രൂപയും ശാന്തകുമാരിയുടെ ആഭരണവുമാണ് മോഷ്ടിച്ചത്. മോഷണശേഷം ശാന്തകുമാരിയെ സംഘം കെട്ടഴിച്ചുവിട്ടു. തന്റെ കൈയില്‍ ഇനി പണം ഒന്നുമില്ലെന്നു പറഞ്ഞ ശാന്തകുമാരിക്ക് മോഷ്ടാക്കള്‍ 1000 രൂപ തിരികെ നല്‍കുകയും തങ്ങളോടു ക്ഷമിക്കണമെന്നു പറഞ്ഞ് കാല്‍തൊട്ടു വന്ദിക്കുകയും ചെയ്തിരുന്നു.
മോഷ്ടിച്ച മൂന്നു പവനില്‍ ഒരുഭാഗം കോഴഞ്ചേരി തെക്കേമലയിലെയും പത്തനംതിട്ട ആനപ്പാറയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവെച്ചും ബാക്കി സ്വര്‍ണം വില്‍ക്കുകയും ചെയ്തു കിട്ടിയ തുകയില്‍ 22000 രൂപാ ആദര്‍ശിന് നല്കി. മോഷ്ടിച്ച 8000 രൂപ ചെലവഴിച്ചു. റാഷിക്കിന് പണം പിന്നീട് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
പത്തനംതിട്ട, അടൂര്‍, പെരുനാട്, ചിറ്റാര്‍, നൂറനാട് തുടങ്ങിയ പോലീസ് സ്റ്റേഷന് പരിധിയില്‍ പത്തിലധികം മോഷണക്കേസുകളിലെ പ്രതിയാണ് സുനില്‍ രാജേഷെന്ന് പോലീസ് പറഞ്ഞു. സഹോദരന് സിജു പല കേസുകളിലും പങ്കാളിയായിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. അറസ്റ്റിലായ റാഷിക്ക് റിമാന്‍ഡിലാണ് മറ്റ് മൂന്നു പേരെയും അടൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി.