ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ കടയിൽ കയറിച്ചെന്ന് ജീവനക്കാരിയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വർണമാല ഊരിവാങ്ങി.
ജനത്തിരക്കേറിയ സൗത്ത് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനടുത്തുള്ള മാർട്ട് ഇൻഷ്വറൻസ് എന്ന സ്ഥാപനത്തിൽ രാവിലെ പത്തോടെയാണ് സംഭവം ഉണ്ടായത്.
സംഭവമുണ്ടായ ഉടനെ ജീവനക്കാരി സ്ഥാപനത്തിൽനിന്നും പുറത്തിറങ്ങി ബഹളംവച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏല്പിച്ചു.
മണ്ണാർക്കാട് സ്വദേശി നെല്ലുവേലിൽ മനു കുരിയനെ (30) പോലീസ് അറസ്റ്റു ചെയ്തു. മണ്ണാർക്കാടിലെ ഒരു ഹോട്ടൽ ജീവനക്കാരനാണെന്ന് ഇയാൾ പറയുന്നു.
കഴിഞ്ഞദിവസം ഇയാൾ സ്ഥാപനത്തിൽ കയറിവന്ന് നിരീക്ഷണം നടത്തി പോയതായി ജീവനക്കാരി പറയുന്നു. സ്ഥാപനത്തിൽ ജീവനക്കാരി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് കവർച്ച നടത്താൻ എത്തിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.