തലശേരി: കാറ് വില്പനയുടെ മറവിൽ പട്ടാപ്പകൽ നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ കൊള്ളയടിച്ചു.
സംഭവത്തിൽ ഉളിക്കൽ മണിപ്പാറ സ്വദേശി ഇർഷാദി (31)നെ തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. അക്രമി സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
തമിഴ്നാട് ഈറോഡ് സ്വദേശികളായ സുധാകർ, യോഗരാജ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ മാരുതി സ്വിഫ്റ്റ് കാർ വില്പനക്കുണ്ടെന്ന് പരസ്യം നൽകിയാണ് തമിഴ്നാട് സ്വദേശികളെ അക്രമി സംഘം ഇന്നലെ രാവിലെ തലശേരിയിലെത്തിച്ചത്.
ഇരുവരേയും റെയിൽവെ സ്റ്റേഷനിൽ നിന്നു കാറിൽ കയറ്റി മർദിച്ച് അവശരാക്കി പണം തട്ടിയെടുത്ത ശേഷം മാഹി ഭാഗത്ത് ഇറക്കി വിടുകയായിരുന്നു.
അവശ നിലയിൽ സുധാകറും യോഗരാജും തലശേരി പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു. എസ്ഐ സജേഷ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഒരാൾ അറസ്റ്റിലായത്.
മണിപ്പാറയിലെ വീട് വളഞ്ഞാണ് ഇർഷാദിനെ പിടി കൂടിയത്. മറ്റ് പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.