അഗളി: കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയേയും അഞ്ചുവയസുള്ള മകനേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സുന്ദരവടിവേൽ (ശങ്കർ) എന്ന നൗഷാദ്, കാമുകി റാണി എന്നിവരെ തുടർ അന്വേഷണങ്ങൾക്കായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അഗളി സിഐ എം.എം സിദ്ദിഖ് അറിയിച്ചു.
നാലുവർഷം മുന്പ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ തിരക്കഥ തയാറാക്കി കൊലനടത്തി പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അതിവിദഗ്ധമായി രക്ഷപ്പെട്ട പ്രതികളെ 11 നാണ് അഗളി പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. കാമുകിയെ വിവാഹം കഴിക്കാനായി ഭാര്യ മുക്കാലി സ്വദേശി സീനത്തിനേയും മകൻ ഷാനിഫിനേയും അട്ടപ്പാടിയിൽ നിന്നും 450 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ചിദംബരം എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചശേഷം കഴുത്തറത്തു കൊലപെടുത്തുകയായിരുന്നു.
ചിദംബരം സ്വദേശിയായ സുന്ദരവടിവേൽ സുനാമിയിൽ സർവവും നഷ്ടപ്പെട്ടുവെന്നു പറഞ്ഞാണ് അട്ടപ്പാടി അഗളിയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ ജോലിക്കെത്തിയത്. ഇതിനിടെ സീനത്തിനെ വിവാഹം കഴിക്കാനായി നൗഷാദെന്ന പേരും സ്വീകരിച്ചു. പിന്നീട് മകനും ജനിച്ചു.
ഇതിനിടെ പരിചയപ്പെട്ട കാമുകിയെ വിവാഹം ചെയ്യാനാണ് ഭാര്യയെയും അഞ്ചുവയസുള്ള മകനെയും കൊലപ്പെടുത്താൻ കാമുകിയും ചേർന്ന് തിരകഥ മെനഞ്ഞത്. 2013 ജൂണ് 30 നാണ് കൊലപാതകം നടന്നത്. ഉറക്കഗുളിക നല്കി മയക്കിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തു മുറുക്കിയും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പത്തുദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം തമിഴ്നാട് പോലീസ് മറവുചെയ്തിരുന്നു.
മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലം കണ്ടെത്തി അവശിഷ്ടം ഡിഎൻഎ ടെസ്റ്റ് നടത്തുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും മറ്റ് രേഖകളും പരിശോധന നടത്തുന്നതടക്കമുള്ള തുടർ നടപടികളും നടത്തേണ്ടതുണ്ട്. ഉറക്കഗുളിക പൊടിച്ചുനല്കിയതും കൊല നടത്തുവാനുള്ള കറിക്കത്തി സീനത്തിന്റെ ബാഗിൽ ഒളിപ്പിച്ചുവക്കുകയും ചെയ്തത് കാമുകി റാണിയാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.