കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ അർധരാത്രി അതിക്രമിച്ചു കടന്ന വിദേശ യുവാവിനെ ഗോവയിൽനിന്ന് പോലീസ് അറസ്റ്റു ചെയ്തു. പോർച്ചുഗീസ് സ്വദേശി പെഡ്രോ മിഗ്വേൽ റാപോസിനെയാണ് (23) സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തത്. സംഭവദിവസം റാപോസ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ അവിടെയുള്ള 13 സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമായി. പിന്നീട് റാപോസിനെ പിടികൂടി പുറത്തേക്കുകൊണ്ടുപോകുന്പോഴാണ് ക്യാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്.
കാമറ നെറ്റ്് വർക്ക് തകരാറിലാക്കാൻ ഇയാൾ ഏതെങ്കിലും തരത്തിൽ ആക്രമണം നടത്തിയെന്നാണ് ക്ഷേത്ര അധികൃതർ സംശയിക്കുന്നത്. ഇയാൾ എന്തെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ഷേത്രത്തിലെ ക്യാമറകൾ ഓഫ് ചെയ്തതാകാനുള്ള സാധ്യതകൾ പരിശോധിക്കാനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ നിന്നു പിടിയിലാകുന്പോൾ ഇയാളുടെ പക്കൽ ലാപ്ടോപ്പും മറ്റും ഉണ്ടായിരുന്നു. അതല്ലെങ്കിൽ ഇയാൾക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിനു ഒത്താശ ചെയ്യുന്നതിനായി ആരെങ്കിലും ക്യാമറ ഓഫ് ചെയ്തതാകാനുമുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു. സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു.
സംഭവത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 16 ന് രാത്രി 11.22 നാണ് റാപോസ് ക്ഷേത്ര മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. 11.48ന് ക്ഷേത്രത്തിലെ ജീവനക്കാർ ഇയാളെ പിടികൂടി സെൻട്രൽ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ രാത്രി തങ്ങാൻ വേണ്ടിയാണ് ക്ഷേത്ര കോന്പൗണ്ടിൽ പ്രവേശിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം. തുടർന്ന് ഇയാളെ വിശദമായി ചോദ്യംചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിൽ ഇയാളുടെ വീട്ടുകാരുമായും പോലീസ് സംസാരിച്ചു.
സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് എറണാകുളത്തെ ഹോട്ടലിൽ പോലീസ് തന്നെ മുറിയെടുത്തു നല്കുകയായിരുന്നു. അടുത്തദിവസം ഇയാൾ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി താൻ ഗോവയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് യാത്രതിരിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇറാൻ സന്ദർശിച്ചശേഷമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ക്ഷേത്രത്തിൽ പ്രവേശിച്ച സമയം ക്ഷേത്രത്തിലെ 13 കാമറകളും പ്രവർത്തനരഹിതമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. തുടർന്ന് ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നതിനു കേസെടുക്കുകയും പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാൽ, ക്ഷേത്രത്തിലെ കാമറകൾ മുന്പും ഇങ്ങനെ തകരാറിലായിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കാമറകൾ കേടായതിന്റെ കാരണം കണ്ടെത്താൻ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പോലീസ് പരിശോധിക്കും.