അടൂർ: മാസം തികയാതെ ജനിച്ച കുഞ്ഞിനു മതിയായ ചികിത്സ ലഭ്യമാക്കാതെ മറവു ചെയ്ത കേസിൽ വീട്ടമ്മ അറസ്റ്റിൽ. പറക്കോട് ടിബി ജംഗ്ഷനിൽ സബ് സ്റ്റേഷനു സമീപമുള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഒരു കാൽ ഇല്ലാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. ഇവരെ ഇന്നലെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ 18നു രാത്രി 10.30ന് വയറുവേദന അനുഭവപ്പെട്ട ഇവർ ശൗചാലയത്തിൽ പോയപ്പോഴാണ് കുട്ടി പുറത്തുവന്നത്. ഇതോടെ ആരെയും അറിയിക്കാതെ ഇവർ തന്നെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ റബർ തോട്ടത്തിനുള്ളിൽ 40 സെന്റി മീറ്റർ നീളത്തിലുള്ള കുഴിയിൽ മറവു ചെയ്തത്. പൊക്കിൾകൊടിയും വേർപെടുത്തിയത് ഇവർ തന്നെയാണ്.
മൃതദേഹത്തിനു നാലുദിവസം പഴക്കമുള്ളതിനാൽ ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നോയെന്നു പറയാൻ കരൾ അഴുകിയതിനാൽ കഴിയില്ല. ഗർഭിണിയായിരുന്നുവെന്ന് ഭർത്താവിനോ ഇവർക്കോ അറിയില്ലായിരുന്നെന്നും പറയുന്നു. 28 ആഴ്ച മാത്രം വളർച്ചയുള്ള കുട്ടിയായിരുന്നു.