മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറിൽനിന്നും അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇൻകം ടാക്സ് ഇൻസ്പെക്ടറെ സിബിഐ ഉദ്യോഗസ്ഥർ കുടുക്കിയതു നാടകീയമായി. എറണാകുളം ഇൻകംടാക്സ് ഇൻവസ്റ്റിഗേഷൻ ഇൻസ്പെക്ടർ പാന്പാക്കുട മേമുറി കൊമ്മലക്കുഴി എസ്. ദിനേശി(42)നെയാണ് ഇന്നലെ രാത്രി പത്തോടെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും.
പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ഉടമ ഡോ. സബൈൻ ശിവദാസിൽനിന്നുമാണ് ഇന്നലെ രാത്രിയിൽ ദിനേശ് പണം വാങ്ങാൻ ശ്രമിച്ചത്. രണ്ടായിരത്തിന്റെ നോട്ടുകളുടെ രണ്ടു കെട്ടും അഞ്ഞൂറിന്റെ രണ്ട് കെട്ടുമായി അഞ്ച് ലക്ഷം രൂപയാണ് ദിനേശിനു നൽകിയത്. കാറിലെത്തിയ ദിനേശ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിലെത്തിയതോടെ ഡോ സബൈനെ ഫോണിൽ വിളിച്ചു. തുടർന്ന് പണവുമായി ഡോ. സബൈൻ എത്തി കാറിലിരിക്കുകയായിരുന്ന ദിനേശിന് നൽകി. ഈ സമയം സമീപത്ത് നിന്നിരുന്ന സിബിഐ സംഘം കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇതേസമയം തന്നെ ഇയാളുടെ വീടിലും സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. വിലപ്പെട്ട രേഖകളും പണവും വീട്ടിൽനിന്നും കണ്ടെത്തിയതായാണ് അറിയുന്നത്. കൂടുതൽ അന്വേഷണത്തിനായി ദിനേശിനെ സിബിഐ സംഘം കസ്റ്റഡിയിൽ വാങ്ങിയേക്കും.
കഴിഞ്ഞ ഡിസംബർ ഒൻപതിനാണ് ദിനേശ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്ന പേരിൽ ആദ്യമായി ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ആശുപത്രി രേഖകളും മറ്റും പരിശോധിച്ചു. പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല. പരിശോധനയുടെ പേരിൽ പിന്നീട് പലവട്ടം ആശുപത്രിയിലെത്തി. ഒരുമാസം മുന്പു ആശുപത്രിയിലെത്തിയ ദിനേശ് ഇൻകംടാക്സ് ഡിപ്പാർട്ടുമെൻറുമായി ബന്ധപ്പെട്ട് ചില സഹായങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പത്തു ലക്ഷം രൂപ തനിക്ക് വേണമെന്നും വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്നും ഡോക്ടറോടും പറഞ്ഞു. ഇത്രയും വലിയ തുക തരാനാകില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ പിന്നീട് ഭീഷണി സ്വരത്തിലായി ദിനേശ്. ഞാൻ വിചാരിച്ചാൽ തനിക്കെതിരെ എന്തും ചെയ്യാൻ പറ്റുമെന്നും എല്ലാവരും ഇതുപോലെ തങ്ങൾക്ക് പണം നൽകുന്നതാണെന്നു പറഞ്ഞതോടെ ഡോക്ടർ സബൈൻ സിബിഐയെ സമീപിക്കുകയായിരുന്നു. സിബിഐ എസ്പി ഷിയാസിനു രേഖാമൂലം ഡോക്ടർ പരാതി നൽകി. പിന്നീട് സിബിഐ ഉദ്യോഗസ്ഥർ അഞ്ചു ലക്ഷം രൂപ മാർക്കു ചെയ്ത് ദിനേശിനു നൽകാനായി കൊടുക്കുകയായിരുന്നു.
സിബിഐയുടെ നിർദേശപ്രകാരം പണം നൽകാനായി ഡോക്ടർ ദിനേശിനെ ആശുപത്രിയിലേക്കു വിളിച്ചു. പത്തു ലക്ഷത്തിനായി വാശിപിടിച്ചെങ്കിലും ഒടുവിൽ അഞ്ചു ലക്ഷത്തിനു സമ്മതിക്കുകയായിരുന്നു. പണം വാങ്ങാൻ ഇന്നലെ രാവിലെ വരാമെന്ന് പറഞ്ഞെങ്കിലും രാത്രിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. സിബിഐ ഇൻസ്പെക്ടർമാരായ അബ്ദുൾ അസീസ്, ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം രാവിലെ മുതൽ ആശുപത്രിയിലെത്തിയിരുന്നു.
ഒരു മാസമായി സിബിഐ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ദിനേശ്. ഇയാളുടെ ഫോണ് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചശേഷമാണ് പിടികൂടാൻ സിബിഐ സംഘം തീരുമാനിക്കുന്നത്. നേരത്തെ പലവട്ടം ദിനേശിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും സിബിഐയുടെ വലയിലാകുന്നത് ആദ്യമാണ്.