തിരുവനന്തപുരം: പെൺകുട്ടികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണ്‍ കാമറയിൽ പകർത്തിയ ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്റ്റിൽ. കവടിയാർ ആർപി ലൈനിൽ താമസിക്കുന്ന അരുണ്‍കുമാർ (45) നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺ മേശയ്ക്കടിയിൽ വെച്ചാണ് ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വനിതാ സുഹൃത്തിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത്തരത്തിൽ മൊബൈൽ ഫോണ്‍ കാമറ വഴി കുട്ടികളുടെ അർധനഗ്നചിത്രങ്ങൾ പകർത്തിയ വിവരം പുറത്തറിഞ്ഞത്.
വനിതാ സുഹൃത്തുമായി നല്ല ബന്ധത്തിലായിരുന്ന ഇയാൾ വനിതാ സുഹൃത്ത് പിണങ്ങിപ്പിരിഞ്ഞതോടെ വനിതാ സുഹൃത്തിന്റെ ചിത്രങ്ങൾ ഇയാളുടെ സുഹൃത്തുക്കളെ കാട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളുടെ അർധനഗ്നചിത്രങ്ങളും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.