തൃപ്പൂണിത്തുറ: ഒരേ സ്ഥലം തന്നെ പലര്‍ക്കും വില്പന നടത്തി 20 വര്‍ഷം പോലീസിന്റെ കണ്ണുവെട്ടിച്ചു നടന്ന ജോഷിയെ പിടികൂടിയത് തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജുവിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഷിജു തൃപ്പൂണിത്തുറ സ്റ്റേഷനില്‍ എസ്ഐയായിരുന്ന 1996ല്‍ ആണ് എരൂര്‍ നാഗപ്പാടിയില് ജോഷി(62-അന്ന് 42 വയസ്!) തട്ടിപ്പു നടത്തി മുങ്ങിയതിന്റെ ആദ്യ അന്വേഷണം നടന്നത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ സിനിമ സ്റ്റൈല്‍ ആവിഷ്കരണമാണ് ജോഷി നടപ്പാക്കിയത്. 2002ലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ധനനിശ്ചയ ആധാര പ്രകാരം 24 സെന്റ് സ്ഥലമുണ്ടായിരുന്നത് ഭാര്യയുടെ പേരില്‍ മാറ്റിയ ശേഷം അത് തൃപ്പൂണിത്തുറയില്‍ ഒരു സഹകരണ ബാങ്കില്‍ വച്ച് ആദ്യം ലോണെടുത്തു. പിന്നീട് ഈ ലോണ്‍ നിലനില്‍ക്കെത്തന്നെ 24 സെന്റിൽ നിന്ന് ആറേകാല്‍ സെന്റ് ഭാര്യയുടെ പേരില്‍ എഴിതിക്കാണിച്ചെന്ന് ആധാരം ഉണ്ടാക്കി. തുടര്‍ന്ന്, ജോളി എന്നയാള്‍ക്കു 1996ല്‍ ഈ ആധാരത്തിന്റെ പകര്‍പ്പ് ഉപയോഗിച്ചു വില്പന നടത്തി. ഇതേ വ്യാജ ആധാരമുപയോഗിച്ചു മറ്റു പലര്‍ക്കും ഒരേ സ്ഥലം വില്പന നടത്തി. ഒരേ സ്ഥലം, പല അവകാശികള്‍. ജോഷി ചതിച്ചെന്നു മനസിലാക്കിയപ്പോഴേക്കും കുടുംബത്തോടൊപ്പം ഇയാള്‍ മുങ്ങിയിരുന്നു.
ഇയാളുടെ അച്ഛനും അമ്മയും മരിച്ച സമയത്ത് ജോഷി വരുമെന്ന് കരുതി പോലീസ് കാത്തിരുന്നെങ്കിലും ജോഷി എത്തിയില്ല. പെരുമ്പാവൂര്‍ കോടനാട് രണ്ടുനില വീട് വച്ച് കുടുംബസമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. ജില്ലയില്‍ തന്നെ താമസമാക്കിയിട്ടും പോലീസിന്റെ കണ്ണിൽ പൊടിയിട്ടു 20 വര്‍ഷമാണ് ജോഷി നടന്നത്.
ജോഷിയുടെ കേസിനെക്കുറിച്ചു സിഐ പി.എസ്. ഷിജു പറയുന്നതിങ്ങനെ. 96ല്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഈ കേസ് നിലവിലുള്ളപ്പോഴാണ് എസ്ഐയായി ചാര്‍ജെടുക്കുന്നത്. തുടര്‍ന്നു മൂന്നര വര്‍ഷം ജോഷിക്കായി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടു പിടിക്കാന്‍ സാധിച്ചില്ല. പിന്നീട് സെന്‍ട്രല്‍, പാലാരിവട്ടം, മൂവാറ്റുപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലേക്കു ട്രാന്‍സ്ഫര്‍ ആയി പോയി. കോണ്‍ട്രാക്ട് ഏറ്റെടുത്ത് എളമക്കര ഒരു വീട്ടില്‍ ഇയാള്‍ എത്തിയെന്നു സൂചന ലഭിച്ചു ഒരിക്കല്‍ അവിടെയെത്തിയെങ്കിലും ജോഷി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നു ജോഷി വിറ്റ സ്ഥലം വാങ്ങിച്ച മൂന്നു പേര് തമ്മില്‍ വഴക്കായതോടെ അതും തൃപ്പൂണിത്തുറ സ്റ്റേഷനില്‍ കേസായി എത്തി. ഇതിന്റെ അന്വേഷണം നടത്തിയപ്പോഴാണ് ജോഷിയാണ് ഇവര്‍ക്കെല്ലാം സ്ഥാലം വിറ്റതെന്നു മനസിലായി. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവില്‍ യാദൃച്ഛികമായാണ് കഴിഞ്ഞ ദിവസം ജോഷിയെ പിടികൂടാനായത്. ഇയാളുടെ ഭാര്യ ലതയെയും രണ്ടു ദിവസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇവരാണ് ഒന്നാം പ്രതി. ജോഷിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഭാര്യ ലതയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. ഈ തട്ടിപ്പിന് ആധാരമെഴുതിയ ആള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത ആധാരമെഴുത്തുകാരന്‍ ജോസ് പോളിന്റെ പിതാവാണ് ജോഷിക്കും വ്യാജ ആധാരം ഉണ്ടാക്കി നല്‍കിയെതെന്നാണ് സൂചന. ഇക്കര്യത്തില്‍ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു.