കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഗവ. ഫിസിക്കൽ എഡുക്കേഷൻ കോളജ് പ്രിൻസിപ്പലിനെതിരേ വിദ്യാർഥിനിയുടെ പരാതി. സംഭവത്തിൽ ഫിസിക്കൽ കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.എസ്. അഭിലാഷിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കെട്ടിച്ചമച്ച ആരോപണത്തിന്റെപേരിൽ തന്നെ മർദ്ദിച്ചതായി അഭിലാഷും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെയാണ് ഈസ്റ്റ്ഹിലിൽ പ്രവർത്തിക്കുന്ന കോളജിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. പ്രിൻസിപ്പൽ ചാർജുള്ള അഭിലാഷിന് കോളജിലെ ഒരു വിദ്യാർഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴിൽ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഈ സന്ദേശം ശ്രദ്ധയിൽ പെട്ട അതേ ക്ലാസിലെ വിദ്യാർഥിനിയാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകിയ വിദ്യാർഥിനിയുടെ ഭർത്താവും സംഘവും കോളജിലെത്തി പ്രിൻസിപ്പലിനെ കൈയ്യേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ഫോട്ടോ പ്രിൻസിപ്പലിന് അയച്ചു കൊടുത്ത വിദ്യാർഥിനിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അതേസമയം തന്റെ പ്രമോഷൻ തടയാനായി കഴിഞ്ഞ കുറച്ചുകാലമായി ചിലർനടത്തുന്ന അപവാദപ്രചാരണങ്ങളുടെ ഭാഗമായാണ് പരാതിയെന്നും തന്നെ മർദ്ദിച്ചവർക്കെതിരേ കർശന നടപടിയുണ്ടാകണമെന്നും അഭിലാഷ് ആവശ്യപ്പെട്ടു.