കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് നീക്കം സജീവമായി. അന്വേഷണം അന്ത്യഘട്ടത്തിലെത്തിയതോടെ അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽ ക്യാന്പ് ചെയ്യുകയാണ്. അന്വേഷണം ഇനിയും വലിച്ചുനീട്ടരുതെന്ന കർശന നിർദേശം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
നടൻ ദിലീപിനെയും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്തതിന്റെയും തെളിവു ശേഖരിച്ചതിന്റെയും വിവരങ്ങൾ അന്വേഷണ സംഘം ഇന്നലെ സൂക്ഷ്മമായി വിലയിരുത്തി. നടൻ ദിലീപിനെ കേസുമായി ബന്ധിപ്പിക്കാൻ ഇനിയും വ്യക്തമായ തെളിവ് പോലീസിനു ലഭിച്ചിട്ടില്ലെന്ന സൂചനയാണു പുറത്തുവരുന്നത്.
അതേസമയം, നാദിർഷ ചോദ്യം ചെയ്യലിനോടു വേണ്ടവിധം സഹകരിച്ചില്ലെന്ന നിഗമനവും പോലീസിനുണ്ട്. അതിനാൽ ഇരുവരെയും ഒരിക്കൽക്കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷമേ കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നതിൽ അന്തിമതീരുമാനം ഉണ്ടാകൂ. ദിലീപിനെ ഒഴിവാക്കി കേസിൽ ചിലരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹമാണ് ഇപ്പോൾ പോലീസ് വൃത്തങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നതായി പോലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. പൾസർ സുനിയുടെയും സഹതടവുകാരൻ ജിൻസന്റെയും മൊഴികൾ ഇങ്ങനെയൊരു സാഹചര്യത്തിന്റെ സൂചനകളാണ് നൽകുന്നത്. സുനി ജയിലിൽനിന്നു ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും നാദിർഷയെയും വിളിച്ചെന്നാണ് ജിൻസൻ മൊഴി നൽകിയത്. എന്നാൽ, ഇതിന്റെ വിശ്വാസ്യതയും മറ്റു കാര്യങ്ങളും ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. ജയിലിൽനിന്നു ചില ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയുമായി ഇതിനെ ഏതെങ്കിലും രീതിയിൽ ബന്ധിപ്പിക്കണമെങ്കിൽ സുനി ഫോണ് വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കണം. അതേസമയം തന്നെയാണ് നാദിർഷയുടെയും മറ്റും ഫോണിൽ കോൾ എത്തിയതെന്നും സ്ഥിരീകരിക്കണം. ഇത്തരം പരിശോധനകളുടെ തിരക്കിലാണ് ഇപ്പോൾ അന്വേഷണ സംഘമെന്നാണ് പുറത്തുവരുന്ന വിവരം.
നടിയെ ആക്രമിച്ചതിനുശേഷം സുനി ചില സ്ഥാപനങ്ങളിലെത്തിയിരുന്നതായി പറഞ്ഞിരുന്നു. ഇതു സ്ഥിരീകരിച്ചാൽ ഇതുമായി ബന്ധപ്പെട്ടും അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതിക്ക് ഏതെങ്കിലും രീതിയിൽ ഇങ്ങനെയുള്ള സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട പുതിയ മൊഴികളും തെളിവുകളും വിലയിരുത്താൻ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ആലുവ പോലീസ് ക്ലബിൽ ഇന്നലെ ചേർന്നിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആലുവ റൂറൽ എസ്പി എ.വി. ജോർജ്, പെരുന്പാവൂർ സിഐ ബൈജു എന്നിവരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.
അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. രാത്രി 7.15ഓടെ തുടങ്ങിയ യോഗം 11നാണ് അവസാനിച്ചത്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടനും സഹായികൾക്കുമുള്ള പങ്ക് സംബന്ധിച്ച തെളിവുകൾ ഐജി വിലയിരുത്തി. ലഭിച്ച തെളിവുകൾ വിലയിരുത്തിയെന്നും കൂടുതൽ ചോദ്യം ചെയ്യലുകളുണ്ടാകുമെന്നും യോഗത്തിനുശേഷം റൂറൽ എസ്പി എ.വി. ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.
ഇതുവരെ എന്തു ചെയ്തു, ഇനി എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. അറസ്റ്റ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൾസർ സുനി കോടതിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഐജി വിലയിരുത്തിയിട്ടുണ്ട്. ജയിലിൽനിന്നുള്ള സുനിയുടെ മൊഴി, സഹതടവുകാരുടെ മൊഴി, മൊബൈൽ ഫോണ് രേഖകൾ, കാവ്യാമാധവന്റെ വസ്ത്രവിൽപന സ്ഥാപനത്തിൽനിന്നു കണ്ടെത്തിയിട്ടുള്ള സിസി ടിവി ദൃശ്യങ്ങൾ, കാക്കനാട് ജയിലിൽനിന്നു കണ്ടെത്തിയ സുനിയുടെ ഫോണ് സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവ വിലയിരു ത്തിയാണ് അടുത്ത ചുവടിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
വിവരം പുറത്തുപോകരുതെന്ന് നിർദേശം
കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസിൽനിന്നു പുറത്തുപോകരുതെന്ന കർശന നിർദേശം സംസ്ഥാന പോലീസ് ചീഫ് തന്നെ അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്. ഫോണ് ഉപയോഗം പരിമിതപ്പെടുത്തണമെന്നും അത്യാവശ്യ വിവരങ്ങൾ ഫാക്സ് വഴി കൈമാറിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
പിരിമുറുക്കത്തിൽ സിനിമാലോകം
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു കുറെ ദിവസങ്ങളായി കടുത്ത പിരിമുറുക്കത്തിലാണ് സിനിമാലോകം. ഈ വിവാദം ഇതുമായി ബന്ധപ്പെട്ട ആരോപണവിധേയരായവരെ മാത്രമല്ല, സിനിമാ സംഘടനകളെ വരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിനിമാസംഘടനകൾ ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന വിമർശനം സിനിമയ്ക്കുള്ളിൽനിന്നും രാഷ്ട്രീയക്കാരിൽനിന്നും ഉയർന്നുകഴിഞ്ഞു.
സംഘടനയുടെ നെടുംതൂണായ താരങ്ങളെ പുകമറയിൽ നിർത്തിക്കൊണ്ടുള്ള വാർത്തകളാണ് കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും ഇപ്പോൾ സംഘടനയ്ക്കു വ്യക്തതയില്ല. അമ്മയുടെ കഴിഞ്ഞ ദിവസത്തെ വിവാദ പത്രസമ്മേളനത്തിനു ശേഷം സംഘടന നേതൃത്വത്തിൽനിന്ന് ഒൗദ്യോഗികമായ യാതൊരു പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല. നടിയെയും ആരോപണവിധേയനായ നടനെയും സംരക്ഷിക്കുമെന്നു അന്നു പത്രസമ്മേളനത്തിൽ പറഞ്ഞെങ്കിലും ഈ കേസ് സംബന്ധിച്ചു കൂടുതൽ പ്രതികരണം കുഴപ്പത്തിലേക്കേ നീങ്ങുകയുള്ളൂ എന്ന വിലയിരുത്തലിലാണ് നേതൃത്വം.
തത്കാലം കാത്തിരുന്നു കാണാമെന്നതാണ് സിനിമാ സംഘടനകളുടെ തീരുമാനമെന്ന് അറിയുന്നു. അതിനിടെ, സിനിമാരംഗത്തുള്ളവർ തന്നെ വിമർശനങ്ങളുമായി രംഗത്തുവരുന്നതും നേതൃത്വത്തെ വിഷമിപ്പിക്കുന്നുണ്ട്. വിവാദങ്ങൾ സിനിമയുടെ ചിത്രീകരണരംഗത്തും ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയിട്ടുണ്ട്. കേസും അറസ്റ്റും ഏതുവഴിക്കു നീങ്ങുമെന്നതിൽ വ്യക്തതയില്ലാത്തതാണ് ആശങ്കപ്പെടുത്തുന്നത്.