കൽപ്പറ്റ: ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി യിൽ വൈദികൻ പിടിയിൽ. വയനാട്ടിലെ ബാലഭവനിലെ അന്തേവാസികളായ പതിനഞ്ച്, പതിനാല് വയസുകാരായ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ഫാ. സജി ജോസഫ് (45) പിടിയിലായത്. കൽപ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെയും മീനങ്ങാടി സിഐ പളനിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഫാ. സജിയെ പിടികൂടിയത്. മംഗലാപുരത്തുള്ള ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കൊട്ടിയൂർ സ്വദേശിയായ ഫാ. സജി ജോസഫ് താമരശ്ശേരി കുണ്ടുതോടാണ് താമസം. ഒളിവിൽ കഴിയുന്നതിനിടയിൽ എറണാകുളത്തുള്ള ബന്ധു വഴി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടക്ക് രണ്ടു ദിവസം ആന്ധ്രയിലും പോയിരുന്നു. വിദ്യഭ്യാസം പൂർത്തിയാക്കിയതും ആറ് വർഷത്തോളം ജോലിചെയ്തതും ആന്ധ്രയിലായിരുന്നു.
ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിന് പരാതി ലഭിച്ചതിനെത്തുടർന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐപിസി 377, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരണമാണ് കേസെടുത്തിരിക്കുന്നത്. ഫാ. സജി ജോസഫിനെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.