ശബരിമല: സന്നിധാനത്ത് വിരിപ്പുരയ്ക്ക് അമിതനിരക്ക് ഈടാക്കി വ്യാജ രസീത് നല്കിയ രണ്ടുപേരെ സന്നിധാനം പോലീസ് അറസ്റ്റു ചെയ്തു. വ്യാജരസീത് അച്ചടിച്ചുവെന്ന് സമ്മതിച്ച ഒരാളെ സന്നിധാനത്തെ താല്‍ക്കാലിക ജോലിയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞുവിട്ടു.
നിലമ്പൂര്‍ ഉണക്കമണ്ണ പാലമേട്ടെ മുഹമ്മദ് മന്‍സൂര്‍ (39), കന്യാകുമാരി കുളച്ചില്‍ ചെമ്പന്വിളയിലെ സൈമണ്‍ സ്റ്റോവ് (54) എന്നിവരെയാണ് സന്നിധാനം എസ്ഐ ബി വിനോദ്കുമാര്‍ പിടികൂടിയത്. സൈമണ്‍ സ്റ്റോവിന്റെ സഹോദരന് ജോണ്‍ മാര്‍ക്കോസാണ് വിരിപ്പുരയുടെ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഇത് മറ്റൊരാളില്‍ നിന്നും ഇയാള്‍ വാങ്ങിയതാണെന്നും അതല്ല മറിച്ചു വിറ്റതാണെന്നും പറയപ്പെടുന്നു.
ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം. അന്നാദനമണ്ഡപത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന വിരിപ്പുരയിലാണ് തീര്‍ഥാടകരില്‍ നിന്നും അമിതനിരക്ക് ഈടാക്കിയത്. 25 രൂപയാണ് ദേവസ്വം നിശ്ചയിച്ച നിരക്ക്. ഇതിനുപകരം 35 രൂപയാണ് ഈടാക്കിയത്.