ചവറ : ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം ബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസ് (35), പന്മന മനയിൽ തൈയിൽ തെക്കതിൽ നാദർഷാ (36) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പറമ്പിമുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പന്മന സെവന്റീൻ കോളനിയിൽ ചവറ കെഎംഎംഎൽ എംഎസ് യൂണിറ്റിലെ ജീവനക്കാരൻ റെജിയാണ് മർദനത്തിനിരയായത്.മർദിച്ച ശേഷം അടിവസ്ത്രത്തിന്റെ പോക്കേറ്റിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ കവർന്നെടുക്കുകയായിരുന്നു.
പരിക്കേറ്റ റെജി ചവറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ലിഫ്റ്റ് ചോദിച്ചു കയറിയ ഇരുവരും സമീപത്ത് ഇറക്കിയാൽ മതിയെന്ന് പറഞ്ഞാണ് ബൈക്കിൽ ചാടിക്കയറിയത്. പുത്തൻചന്തയിൽ എത്തിയപ്പോൾ തങ്ങളെ മുഖം മൂടി ജംഗ്ഷൻ വരെ കൊണ്ടുചെന്നാക്കാൻ ഇവർ ആവശ്യപ്പെട്ടുവെന്നും തുടർന്ന് മുഖംമൂടി ജംഗ്ഷനിൽ എത്തിയപ്പോൾ അൽപ്പം കൂടി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പയ്യന്നൂർ കാവിന് സമീപം വെച്ച് ഭീഷിണിപ്പെടുത്തുകയും മർദിച്ച് അവശനാക്കിയ ശേഷം ശരീരം മുഴുവൻ പരിശോധിക്കുകയും പണം അടിവസ്ത്രത്തോടെ ഊരിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് പോലീസിനു നൽകിയ പരാതിയിൽ റെജി പറഞ്ഞു. ചവറ പോലീസ് സ്റ്റേഷനിലെ എസ്ഐ സുഖേഷ്, എഎസ്ഐ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.