ശ്രീകണ്ഠപുരം: ഊരത്തൂർപറമ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആസാം ബെർപേട്ട ജില്ലയിലെ അലോപ്പതി സാദിഖ് അലി (19) യെയാണ് ഇരിക്കൂർ എസ്ഐ രജീഷ് തെരുവത്ത് പീടികയിൽ, എഎസ്ഐ ഇ.വി. അബ്ദുൾ റഹ്മാൻ എന്നിവർ അറസ്റ്റ് ചെയ്തത്. കാണാതായെന്ന് കരുതുന്ന ഊരത്തൂരിൽ വാടകക്ക് താമസിച്ചിരുന്ന ആസാം സ്വദേശി സെയ്ദാലി (20) യുടെ മൊബൈൽ കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ആസാമിലെത്തിയ പോലീസ് സംഘം ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്.ആറുമാസം മുമ്പാണ് സെയ്താലിയെ കാണാതായത്. മൃതദേഹ അവശിഷ്ടങ്ങളുടെ പഴക്കവും സെയ്താലിയെ കാണാതായതും ഒരേ സമയത്ത് തന്നെയാ. ഇതോടെയാണ് സെയ്താലിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖ് അലി മറ്റൊരു തൊഴിൽ തേടിയാണ് ഊരത്തൂരിലെത്തിയത്. ഇവിടെ ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സെയ്താലിയോടൊപ്പമുള്ള താമസമേർപ്പാടാക്കിയത്. രണ്ട് ദിവസം ഇവിടെ താമസിച്ചിരുന്ന സാദിഖ് അലി തുടർന്ന് വീണ്ടും ആലുവയിലേക്ക് പോവുകയായിരുന്നു. ഇവിടുന്ന് വസ്ത്രങ്ങളെടുക്കാൻ വീണ്ടും ഊരത്തൂരിലെത്തിയ ഇയാൾ സെയ്താലിയുടെ മൊബൈൽ കവർന്ന് ആസാമിലേക്ക് പോവുകയായിരുന്നു.
എന്നാൽ സെയ്താലിയെ കാണാതായതിനാൽ ആസാമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താൻ ആസാമിലെത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. സെയ്താലിയെ കുറിച്ച് തുടർന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ ഈ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സെയ്താലിയുടെ മൊബൈൽ പിന്നീട് സാദിഖ് അലിയാണ് ഉപയോഗിച്ചിരുന്നത്.
ഈ മൊബൈൽ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ആസാമിലെ മാർക്കറ്റിൽ വെച്ചാണ് സാദിഖ് അലിയെ പിടികൂടിയത്.ഊരത്തൂരിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളിൽ തലയോട്ടി സ്ത്രീയുടേതാകാനും കീഴ്ത്താടിയെല്ലും പല്ലുകളും പുരുഷന്റേതാകാനുമാണ് സാധ്യതയെന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് നടക്കുന്ന ഡിഎൻഎ പരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭിച്ച ശേഷം സെയ്താലിയുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിച്ച് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഈരത്തൂർ പറമ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്. ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.