ഇരിങ്ങാലക്കുട: എടവിലങ്ങ് കാര യിൽ കൈതക്കാട്ടിൽ പ്രതാപൻ എന്നയാളെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിയായ കാര പാലയ്ക്കാപറന്പിൽ സനീഷിനെ കോടതി ശിക്ഷിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ. ഷൈൻ ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു വർഷം കഠിനതടവിനും 10000 രൂപ പിഴയടക്കുവാനുമാണു ശിക്ഷ വിധിച്ചത്.
2015 ജൂണ്‍ 17 ന് രാവിലെ 7.45 ന് കാര സെന്ററിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി വാടകയ്ക്ക് ഓടുന്നതു സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധത്താലാണു പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേൽപ്പിച്ചത്.
കൊടുങ്ങല്ലൂർ അഡീഷണൽ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന എ. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണ സമയത്ത് ദൃക്സാക്ഷികൾ കൂറുമാറിയിരുന്നു. എങ്കിലും സാഹചര്യത്തെളിവുകളുടെയും പരാതിക്കാരന്റെ മൊഴിയുടെയും ശക്തമായ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
കേസിൽ പ്രോസിക്യൂഷനുവേണ്ട ി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ പി. ആന്റണി എന്നിവർ ഹാജരായി.