ഒറ്റപ്പാലം: ലക്കിടിപേരൂർ പഞ്ചായത്ത് പൂക്കോട്ടുകുന്നിൽ മൂന്നു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ നാലു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പേരൂർ പാറപ്പള്ളത്ത് ശ്രീനാഥ് (21), പേരൂർ പാറപ്പുറത്ത് ജിഷ്ണു (20), പ്രദേശവാസികളായ സുബിൻ (31), രജീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
സിപിഎം പേരൂർ ലോക്കൽ കമ്മിറ്റിയംഗം പൂക്കോട്ടുകുന്ന് വാണിയം പറന്പിൽ ശിവപ്രസാദ് (39), ഡിവൈഎഫ്ഐ പ്രവർത്തകരായ പൂക്കോട്ടുകുന്ന് ജിനേഷ് (22), ഫാറൂഖി (21) എന്നിവർക്കാണ് വെട്ടേറ്റത്. എട്ടുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കുറച്ചുദിവസങ്ങളായി പ്രദേശത്ത് ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യം നിലനില്‍ക്കുകയായിരുന്നു. വൈദ്യുതിതൂണുകളിൽ പേരെഴുതുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്ന സമയത്ത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.
സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്ഐക്കാരാണ് പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ആർഎസ്എസ് പറയുന്നത്.