ഹൈദരാബാദ്: തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ പിഞ്ച് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം.
കുഴിയെടുത്ത് കുട്ടിയെ മറവ് ചെയ്യാൻ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവർ കണ്ടതോടെയാണ് ഇവർ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ രണ്ട് പേർ കുഴിയെടുക്കുന്നത് കണ്ട ഓട്ടോ ഡ്രൈവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരിംനഗർ ജില്ലയിലുള്ള രണ്ടു പേരാണ് പിടിയിലായത്.
കുട്ടിയുടെ മുത്തശനും മുത്തശിയുമാണെന്നാണ് ഇവർ പോലീസിനോട് അവകാശപ്പെട്ടത്. ശസ്ത്രക്രിയയെ തുടർന്ന് കുട്ടി മരിച്ചു. മൃതദേഹവുമായി പോകാൻ വാഹനങ്ങൾ തയാറായില്ല. അതിനാൽ മൃതദേഹം മറവ് ചെയ്യാൻ എത്തിയതാണെന്നാണ് ഇവർ നൽകിയ മറുപടി. എന്നാൽ ഇവരുടെ ബാഗിലുള്ള കുട്ടിയെ പരിശോധിച്ചപ്പോൾ ജീവനുള്ളതായി കണ്ടു. ഉടനെ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയേയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു.