തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ സിപിഎമ്മുകാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതോടെ സിപിഐക്കു പുറമേ സിപിഎമ്മിനുള്ളിലും അമർഷവും പ്രതിഷേധവും കത്തിപ്പടരുകയാണ്.
രണ്ടു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തിയതാണു സംഭവത്തിൽ വഴിത്തിരിവായിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ പതിന്നാലു ദിവസത്തേക്കു റിമാൻഡ് ചെയ്തതോടെ സിപിഎം പ്രതിരോധത്തിലായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും പരസ്യമായ വിമർശനവുമായി രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്കു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നു സ്ഥലത്തു പോയി അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ ഐജിക്കു നിർദേശം നൽകി. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു പറഞ്ഞ് അറസ്റ്റ് നടപടിയെ ഐജി അശോക് യാദവ് ന്യായീകരിച്ചു.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംഭവമാണ് ഇക്കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ നടന്നത്. മൂന്നു സംഭവങ്ങളിലുമായി ഏഴു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
നിലന്പൂരിൽ നടന്ന ആദ്യ ഏറ്റുമുട്ടലിൽതന്നെ സർക്കാരിനെതിരേ വിമർശനവുമായി സിപിഐ രംഗത്തു വന്നിരുന്നു. എന്നാൽ, മൂന്നാമത്തെ സംഭവത്തോടെ രാഷ്ട്രീയ പാർട്ടികൾ കർക്കശനിലപാടിലേക്കു മാറുന്നതാണു കാണുന്നത്.
അട്ടപ്പാടിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്നു പ്രതിപക്ഷവും സിപിഐയും പരസ്യമായി നിലപാടെടുത്തിരിക്കുകയാണ്. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പോലീസിന്റെ വിലക്ക് മറികടന്നു സംഭവസ്ഥലം സന്ദർശിക്കുകയും, നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നു പറയുകയുംചെയ്തു. സിപിഐ സംഭവസ്ഥലത്തേക്കു പ്രതിനിധി സംഘത്തെ അയച്ചിരുന്നു. സ്ഥലം സന്ദർശിച്ച സിപിഐ സംഘവും പോലീസ് വിശദീകരണം തള്ളുകയാണുണ്ടായത്.
മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന നിലപാടിലാണു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലും പിന്നീടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പിണറായി ഈ നിലപാടു തന്നെയാണു കൈക്കൊണ്ടത്.
സാബു ജോണ്