കൊടുങ്ങല്ലൂർ: മുസരീസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദിനെ കൈയേറ്റം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തു. പുത്തൻവേലിക്കര പഞ്ചായത്തിലെ തിരുത്തൂർ സ്വദേശി കളത്തിപറന്പിൽ രാജു മകൻ ദിവിൻരാജി(30)നെയാണ് എസ്ഐ ഇ.ആർ.ബൈജു അറസ്റ്റുചെയ്തത്. കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം.
മുസരീസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറത്ത് അനധികൃതമായി കെട്ടിടം നിർമിക്കാൻ കരിങ്കൽപാളികൾ അടർത്തി മാറ്റിയതിന്റെ ചിത്രം എടുക്കുകയും സ്ഥലം കൈയേറിയതിനെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്ത പി.എം.നൗഷാദിന്റെ മൊബൈൽ ഫോണ് പിടിച്ചുവാങ്ങുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് നൗഷാദ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി പോലീസിനു പിടികൊടുക്കാതെ ഒളവിൽ പോവുകയായിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുകളിൽ കീഴടങ്ങാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.