പയ്യന്നൂര്‍: സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും ഇതിനു സഹായിച്ചയാളെയും പോലീസ് പൊക്കി. മരിച്ചുവെന്ന് സ്വയം പ്രചരിപ്പിച്ച കുഞ്ഞിമംഗലത്തെ യുവാവിനെയും ഇയാളുടെ സഹായിയെയുമാണ് പയ്യന്നൂര്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചത്.
ഇന്നലെയാണ് നാട്ടുകാരുടെ പരിഭ്രാന്തിക്കും പിന്നീട് പരാതിക്കുമിടയാക്കിയ സംഭവം അരങ്ങേറിയത്. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചതായാണ് സമൂഹമാധ്യമത്തിലൂടെ പ്രചാരണമുണ്ടായത്.
മരിച്ചുവെന്ന് പറയപ്പെടുന്നയാളുടെ ഫോട്ടോയും പ്രമുഖ മലയാളം ചാനലിന്റെ ലോഗോയും ചേര്‍ത്ത് ടിവി ന്യൂസ് എന്നരീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മരിച്ചുവെന്ന് പറയുന്നയാളെ കാണാനില്ലെന്ന വിവരം ലഭിച്ചത് പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാര്‍ പോലീസില്‍ വിവരം ധരിപ്പിച്ചതോടെ പോലീസും അന്വേഷണമാരംഭിച്ചു.
ഒടുവിലാണ് പ്രസ്തുത വാര്‍ത്ത പരേതന്റെതന്നെ സൃഷ്ടിയാണെന്ന് പോലീസ് കണ്ടെത്തിയത്. ചാനലിന്റെ ലോഗോസഹിതം വ്യാജവാര്‍ത്ത തയാറാക്കാന്‍ സഹായിച്ചയാളെയും പോലീസ് ഞൊടിയിടയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തശേഷം വിട്ടയച്ചു.