മണ്ണാർക്കാട്: കോടതിപ്പടി സ്വദേശിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പെരിന്തൽമണ്ണ അരക്കുപറന്പ് കണ്ടമംഗലത്ത് വീട്ടിൽ മോഹൻകുമാറിനെയാണ് സിഐ സജീവിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ഇയാൾ മാസങ്ങളായി താമസിക്കുന്ന ആനമൂളിയിൽ നിന്നാണ് പിടിയിലായത്. ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നിന് തെങ്കര വെള്ളാരംകുന്നിലെത്തിയ കോടതിപ്പടി അൻഷാദ് കാഞ്ഞിരത്തേക്ക് സുഹൃത്തിനെ കാണാൻ ബസുകയറാൻ നില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അപരിചിതൻ കാഞ്ഞിരത്ത് എത്തിക്കാമെന്നു പറഞ്ഞു.
തുടർന്ന് ബൈക്കിൽ യാത്ര തുടരുന്നതിനിടെ അപരിചതനോടൊപ്പം സുഹൃത്തുക്കളായവരും ചേർന്ന് പണവും ഫോണും തട്ടിയെടുക്കകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നുമാണ് അൻഷാദ് പരാതി നല്‍കിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് മൂഖ്യപ്രതി പിടിയിലായത്. ഇയാൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
അൻഷാദിനെ ബൈക്കിൽ കയറ്റിയത് മോഹൻകുമാറാണെന്ന് സിഐ എം.കെ.സജീവ് പറഞ്ഞു. കൂടുതൽ പ്രതികളെ ഉടനേ പിടികൂടാനാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.