കണ്ണൂർ: പ്രാർഥനയിലൂടെ കേൾവിശക്തി വീണ്ടെടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ കാരംകോട് സ്വദേശി സുനിത (42) യാണ് അറസ്റ്റിലായത്.
കണ്ണൂർ തെക്കീബസാറിലെ രഞ്ജിനിയാണ് പരാതിക്കാരി. കേൾവി ശക്തി നഷ്ടപ്പെട്ട പരാതിക്കാരിയുടെ ഭർത്താവിന് പ്രാഥനയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്.
പ്രാർഥനയിലൂടെ ആത്മസിദ്ധി കൈവരിക്കാമെന്ന സോഷ്യൽ മീഡിയയിലെ പരസ്യം കണ്ടാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാരി സുനിതയുമായി ബന്ധപ്പെടുന്നത്. രോഗം പൂർണമായും ഭേദമാക്കുമെന്നും കുറച്ച് പണം തരണമെന്നും പ്രതി ആവശ്യപ്പെട്ടു.
പണം അടച്ചുകഴിഞ്ഞാൽ ധ്യാനം കൂടാൻ കൊല്ലത്തേക്ക് വരണമെന്നുമായിരുന്നു നിബന്ധന. ഇത് അംഗീ ക രി ച്ചാണ് പണം നൽകിയത്.രജിസ്ട്രേഷൻ ഫീസായി 4500 രൂപ ആദ്യം നൽകുകയും പിന്നീട് ജനുവരി 29 നും ഫെബ്രുവരി രണ്ടിനും ഇടയിലായി 80,000 രൂപ നൽകുകയും ചെയ്തു.
എസ്ബിഐ പുഴാതി ശാഖ വഴിയാണ് പണം അയച്ചു കൊടുത്തത്.തുടർന്ന് കൊല്ലത്ത് സുനിതയുടെ ധ്യാനകേന്ദ്രത്തിൽ കേൾവി തിരിച്ചുകിട്ടാൻ ധ്യാനം കൂടിയെങ്കിലും കേൾവിശക്തി തിരിച്ചു കിട്ടിയില്ല. തുടർന്ന് നൽകിയ പണം തിരിച്ച് ചോദിച്ചെങ്കിലും പണം നൽകാത വഞ്ചിച്ചുവെന്നാണ് കേസ്.