നെന്മാറ: കുടുംബശ്രീ വായ്പ തട്ടിപ്പിൽ ഒളിവിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ. സിപിഎം മാട്ടുപ്പാറ ബ്രാഞ്ച് മുൻ സെക്രട്ടറി വി.അനിൽ കുമാറും, ഇദ്ദേഹത്തിന്റെ ഫാം നോക്കിയിരുന്ന കുമാർ എന്നിവരെയാണ് നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജൂണ് 26 നാണ് പോലീസ് കുടുംബശ്രീ വായ്പ തട്ടിപ്പിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഒന്നാം പ്രതിയായ അനിൽകുമാർ ഒളിവിൽ പോയത്. ഇതെ തുടർന്ന് രണ്ടാം പ്രതിയായ കുടുംബശ്രീ ചെയർപേഴ്സണ് റീനാ സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.വക്കാവിലെ പാർട്ടി അംഗങ്ങളായ 20 കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കി നൽകിയതിൽ നിന്ന് 63 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
കുടുംബശ്രീ യൂണിറ്റുകൾക്ക് വാഴകൃഷി നടത്തുന്നതിനായി സ്ഥലം ശരിയാക്കി നൽകാനായാണ് ഓരോ യൂണിറ്റിൽ നിന്നും മൂന്നു ലക്ഷം രൂപ വീതം ഇവർ വാങ്ങിയതായാണ് പോലീസിൽ കുടുംബശ്രീ അംഗങ്ങൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കെതിരെ 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിനിടെ ഒന്നാം പ്രതിയായ അനിൽകുമാറും, മൂന്നാം പ്രതിയായ കുമാറും തമിഴ്നാട്ടിലേക്ക് കടന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തു വരുകയാണെന്നും, കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു.