പത്തനാപുരം: പത്തനാപുരത്ത് പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതി എട്ട് ദിവസത്തിന് ശേഷം പിടിയിലായി.
പുന്നല പിറമല ഇഞ്ചക്കുഴി പുത്തന്‍വീട്ടില്‍ അഖില്‍(30) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പത്തനാപുരം മാര്‍ക്കറ്റില്‍ നിന്നും പത്തനാപുരം സിഐ സുരേഷ് കുമാറിന്റെ നേതൃത്ത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.
ഒരാഴ്ച മുമ്പ് പുനലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നുമാണ് പ്രതി രക്ഷപെട്ടത്.ആറ് പൊതി കഞ്ചാവുമായി പത്തനാപുരം ലാസര്‍ പളളിക്ക് സമീപത്ത് നിന്നുമാണ് അഖിലിനെ പിടികൂടുന്നത്.
വൈദ്യപരിശോധനക്കായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.
പോലീസ് വാഹനത്തില്‍ ഇരുന്ന് വിലങ്ങില്‍ നിന്ന് കൈ വിദഗ്ധമായി ഊരിമാറ്റിയ ശേഷമായിരുന്നു രക്ഷപെടല്‍. കൂടല്‍, മെതുകുമ്മേല്‍, ഏനാത്ത്, പുന്നല എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പത്തനാപുരത്ത് എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്ഐമാരായ രാകേഷ്, അജേഷ്, എഎസ്ഐ സാബുലൂക്കോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനീഷ്, ഹരികൃഷ്ണ, അനീഷ്, നിക്സണ്, ഹരിലാല്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്കി.