കിടങ്ങൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ്. പോലീസ് പിന്നാലെ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ ദൃശ്യം സ്റ്റൈലിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം. എന്നിട്ടും ഈരാറ്റുപേട്ട സ്വദേശികളായ മൂവർ സംഘം പോലീസ് പിടിയിൽ.
പൂഞ്ഞാർ കരോട്ട് മുഹമ്മദ് ഷിജാസ്(20), പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ മുഹമ്മദ് റാഫി(21), നടയ്ക്കൽ വലിയവീട്ടിൽ മുഹമ്മദ് ഷാഫി(20) എന്നിവരാണ് മുക്കുപണ്ടം നിർമിച്ചു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നും 70,000 രൂപ തട്ടിയെടുത്ത കേസിൽ ഇപ്പോൾ ജയിലിലായത്.
സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണം ആരംഭിച്ചെന്നു മനസിലാക്കിയതോടെയാണ് പ്രതികൾ ദൃശ്യം സിനിമ സ്റ്റൈലിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചത്.
ഒരു പ്രതിയുടെ സിം കാർഡ് മറ്റൊരു മൊബൈലിലിട്ട് നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റിവിട്ടാണ് അന്വേഷണത്തിന്റെ ഗതിമാറ്റാൻ ശ്രമിച്ചത്.
പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തിയതോടെയാണ് ശനിയാഴ്ച മൂവർസംഘം എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും പിടിയിലായത്.
ഉരച്ചു നോക്കിയാലും സ്വർണപണിക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്തവിധം വൈദഗ്ധ്യത്തോടെയുള്ള മുക്കുപണ്ടം നിർമിച്ചാണ് കിടങ്ങൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഇവർ പണം തട്ടിയത്.
വിവിധ സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ നിരവധി തട്ടിപ്പു കേസുകൾ നിലവിലുണ്ട്.