അമ്പലപ്പുഴ: കുട്ടനാട്ടിൽ മുക്കുപണ്ട തട്ടിപ്പ് വീണ്ടും. ഗ്രാമ പ്രദേശങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ട തട്ടിപ്പ് വ്യാപകമാകുന്നതായി രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ രാവിലെ തകഴിയിലെ ഒരു സ്ഥാപനത്തിൽ നടന്ന തട്ടിപ്പ് സ്ഥാപനമുടമ കൈയോടെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തകഴിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിലായത്.
തകഴി സ്വദേശി പ്രേംജിത്ത്, ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ സ്വദേശി വിനീത് (31), പെരുമ്പാവൂർ സ്വദേശികളായ റമീസ് (48), റഷീദ് (40), ആലുവ സ്വദേശി റിയാസ് (36) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.
90 ഗ്രാമോളം വരുന്ന മുക്കുപണ്ടമാണ് പണയം വെക്കാൻ ശ്രമിച്ചത്. പ്രേംജിത്താണ് ഇവരെ പരിചയപ്പെടുത്തിയത്. ഈ സമയം ഭർത്താവ് ഉണ്ണികൃഷ്ണൻ എത്തിയിട്ട് പണം നൽകാമെന്ന് സ്ഥാപന ഉടമ ഗീതാകുമാരി (56) അറിയിച്ചു.
പിന്നീട് എത്തിയ ഉണ്ണികൃഷ്ണൻ പണ്ടം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരറിയാതെ വിവരം അമ്പലപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു.
വിവിധ ജില്ലകളിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഇത്തരത്തിൽ പണമെടുത്തിട്ടുള്ളവരാണ് പ്രതികളെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു.