ഈരാറ്റുപേട്ട: ഒരു കിലോഗ്രാം കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ പിടിയിലായ അതിഥി തൊഴിലാളി കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരൻ. ബംഗാൾ സ്വദേശി അബ്ദുൾ സത്താർ (25) ആണ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.
ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നതായി എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ദുൾ സത്താറിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇടനിലക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അതാതു സ്ഥലങ്ങളിൽ എത്തിച്ചു നല്കുകയായിരുന്നു അബ്ദുൾ സത്താറിന്റെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ആവശ്യക്കാരനു കഞ്ചാവ് കൈമാറാനായി എത്തിയപ്പോൾ ഇയാളെ അരുവിത്തുറ കോളജ് ഓഡിറ്റോറിയത്തിനു മുൻവശത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കു കഞ്ചാവ് എത്തിച്ചു നല്കുന്നയാളെക്കുറിച്ചും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. അബ്്ദുൾ സത്താറിന്റെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, പ്രിവന്റീവ് ഓഫീസർ ടി.ജെ. മനോജ്, ഷാഡോ സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണിമോൻ മൈക്കിൾ, എബി ചെറിയാൻ, സി.ജെ. നൗഫൽ, സിവിൽ എക്സൈസ്
ഓഫീസർമാരായ പ്രതീഷ് ജോസഫ്, പി.ആർ. പ്രസാദ്, നൗഫൽ കെ. കരിം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എസ്. സുജാത, വിനീത വി. നായർ, ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.