കറുകച്ചാൽ: മുസ്ലിം പള്ളികൾക്കും വീടുകൾക്കും നേരേ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ കൂടി കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ ക്രിമിനൽ സംഘത്തിൽപ്പെട്ട അബിൻ, ബിമൽ, ശരത്ത് എന്നിവരെയാണ് ഇന്നു പുലർച്ചെ മണിമലയ്ക്കു സമീപത്തു നിന്നും കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു ഇവരുടെ സംഘത്തിൽപ്പെട്ട ജഗന്നാഥൻ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.30നു കങ്ങഴ പുതൂർപ്പള്ളി മുസ്്ലിം ജമാഅത്തിനു കീഴിലുള്ള ചാരംപറന്പ്, ഇടയിരിക്കപ്പുഴ എന്നീ പള്ളികളുടെ ജനാലകളാണു കല്ലെറിഞ്ഞു തകർത്തത്. കാനം പതിപ്പലം ഭാഗത്ത് നിരവധി വീടുകൾക്ക് നേരേയും കല്ലേറുണ്ടായി.
പതിപ്പലം കണിയാന്പാറ ബാബു കെ.വർഗീസിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിന്റെ പിൻവശത്തെ ചില്ലുകൾ സംഘം എറിഞ്ഞു തകർത്തിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി കറുകച്ചാൽ സ്റ്റേഷനിലെ മുഴുവൻ പോലീസും സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥരും പ്രദേശത്ത് ആക്രമണങ്ങൾ നടത്തുന്ന പ്രതികളെ പിടികൂടുന്നതിനുള്ള പരിശ്രമത്തിലായിരുന്നു.
പ്രതികൾ മണിമലയിലുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ പ്രതികൾ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും സോഡാ കുപ്പി എറിയുകയും ചെയ്തു.
പ്രതികളുടെ ആക്രമണത്തിൽ കറുകച്ചാൽ എസ്ഐ ബോബി വർഗീസ്, പോലീസുകാരൻ വിനീത് എന്നിവർക്കു പരിക്കേറ്റു. ഇവർ പാന്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ദിവസങ്ങൾക്കു മുന്പു മണർകാട് പോലീസ് പരിധിയിയിൽ നിന്നും മോഷ്്ടിച്ച ബൈക്കിലായിരുന്നു പ്രതികൾ കറങ്ങി നടന്നിരുന്നു. ഈ ബൈക്കും കറുകച്ചാൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫി എന്നിവരുടെ നിർദേശാനുസരണം കറുകച്ചാൽ എസ്എച്ച്ഒ കെ.എൽ. സജിമോൻ, എസ്്ഐമാരായ ബോബി വർഗീസ്, ഷാജൻ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ വിജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പോലീസിനെ ആക്രമിച്ചതിനു മണിമല പോലീസും പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.