ചെങ്ങന്നൂർ: വീടിനുള്ളിൽ ഓടിക്കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് നഗരഹൃദയത്തിൽ പരിഭ്രാന്തി പടർത്തി.ചെങ്ങന്നൂർ കണ്ണാട്ട് ഫൈനാൻസ് ഉടമ സുരേഷിന്റെ വസതിയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ 30 വയസ് പ്രായം തോന്നിക്കുന്ന അരോഗ ദൃഢഗാത്രനായ ഹിന്ദി സംസാരിക്കുന്ന യുവാവ് പിൻവാതിലിലൂടെ വീടിനുള്ളിലേക്ക് കയറി പുറത്തേക്കുള്ള വാതിലുകൾ അടച്ചു.
വിവരങ്ങളറിയാതെ ഈ സമയം സുരേഷിന്റെ ഭാര്യയും ജോലിക്കാരിയും പുറത്തായിരുന്നു. തിരിച്ചു കയറാനായി ഇരുവരും എത്തിയപ്പോഴാണ് തങ്ങൾ തുറന്നിട്ടിരുന്ന കതക് ബന്തവസ്സായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഓടിരക്ഷപ്പെടാൻ നോക്കിയപ്പോൾ
യുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നെങ്കിലും അതിനു തയാറാകാതെ മുറികൾക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും തലങ്ങും വിലങ്ങും ഓടിനടക്കുകയായിരുന്നു. വാർഡ് കൗൺസിലർ രാജൻ കണ്ണാട്ടും നൂറു കണക്കിന് ആൾക്കാരും വീടിനു സമീപം തടിച്ചു കൂടിയതോടെ മുകളിലത്തെ മുറിയിൽ നിന്നു താഴെയിറങ്ങി മുറി തുറന്നു ഓടിരക്ഷപ്പെടാൻ നടത്തിയ ശ്രമം വാതിൽ പൂട്ടു തുറക്കാനാകാത്തതിനാൽ പരാജയപ്പെട്ടു.
ഒടുവിൽ പോലീസെത്തി കതക് ചവിട്ടിപ്പാളിക്കുകയായിരുന്നു. യാതൊരു വിധ സാധനങ്ങളും ഇയാൾ എടുത്തിരുന്നില്ല. ആദ്യം ഊമയായി അഭിനയിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് ഹിന്ദിക്കാരനാണെന്ന് മനസ്സിലാക്കിയത്. മാനസിക വൈകല്യമുള്ളയാണെന്നു സി.ഐ.ജോസ് മാത്യുപറഞ്ഞു.