മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെ കാമുകനൊപ്പം പിടിയിൽ. വിവാഹത്തിൽനിന്നു പ്രതിശ്രുത വരൻ പിന്മാറിയതിനെത്തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആൻസിയെയും കാമുകനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
റംസി ആത്മഹത്യചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സാമൂഹ്യമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമായിരുന്നു യുവാവ്. കഴിഞ്ഞ 18 നാണ് ഇവരെ കാണാതായത്.
ആൻസിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മുനീർ ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സാമൂഹ്യമാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് റംസിയെ (24) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം സാന്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ യുവാവ് ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി.