പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ വ്യാജചികിത്സാ ക്ലിനിക്കുകള്‍ക്കെതിരെ റെയ്ഡ് ശക്തമാക്കി. പൈല്‍സ് രോഗത്തിനു വ്യാജ ചികിത്സ നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബംഗാള്‍ ഭഗ്ദ ജില്ലയില്‍ ഹെലെന്‍സ കോളനിയിലെ ദേവബത്ര ഓജ(29) ആണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ ഇയാള്‍ തന്നെ നടത്തിയിരുന്ന ദേവു ക്ലിനിക്കില്‍ ഇന്നലെ ജില്ലാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. പരമ്പരാഗത ചികിത്സയെന്ന പേരിലാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ശസ്ത്രക്രിയയില്ലാതെ അസുഖം സുഖപ്പെടുത്തുമെന്നുമായിരുന്നു പരസ്യം ചെയ്തിരുന്നത്. എന്നാല്‍ പരിശോധനയില്‍ വിവിധ അലോപ്പതി മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ക്ലിനിക്കില്‍ പൈല്‍സിന് വ്യാജചികിത്സ നടക്കുന്നതായി ജില്ലാമെഡിക്കല്‍ ഓഫീസ ര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്കെത്തിയത്. ചികിത്സ നടത്തുന്നതിന് ആവശ്യമായ അംഗീകാരമുള്‍പ്പെടെയുള്ളവ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇതേതുടര്‍ന്ന് വ്യാജ ഡോക്ടറെ പിടികൂടുകയും പോലീസിന് കൈമാറുകയുമാ യിരുന്നു. ഒട്ടേറെപ്പേര്‍ ക്ലിനിക്കില്‍ നിന്ന് ചികിത്സ തേടിയതായി വിവരം ലഭിച്ചിട്ടുണ്ട്. ക്ലിനിക്ക് അധികൃതര്‍ പൂട്ടി സീല്‍വച്ചു. ഒരു വര്‍ഷത്തോളമായി ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ദേവബത്ര ഓജ പോലീസ് കസ്റ്റഡിയി ലാണ്. കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഡെപ്യൂട്ടി ഡിഎംഒ പ്രകാശിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, പെരിന്തല്‍മണ്ണ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.