തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവർത്തകനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ (35), ഇയാളുടെ സുഹൃത്ത് ശരത് എന്നിവരെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് പ്രവർത്തകനായ തോളൂർ സ്വദേശി സാബുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആര്യനാട് മുൻപ് നടന്ന അടിപിടി കേസ് ഒത്ത് തീർപ്പാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആര്യനാട്ടെ കർഷക കോണ്‍്ഗ്രസ് നേതാവിന്റെ വീട്ടിലിരിക്കുന്ന സമയത്താണ് പ്രതികൾ ഉൾപ്പെട്ട സംഘം സാബുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാബുവിനെ പോലീസും നാട്ടുകാരും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആര്യനാട് സിഐ. എൻ.ആർ.ജോസ്്്, എസ്ഐ. ബി. രമേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രാഹുൽ ഉൾപ്പെട്ട അഞ്ച് പേർക്കെതിരെയാണ് ആര്യനാട് പോലീസ് കേസെടുത്തത്.മറ്റ് പ്രതികളായ സോനു, രഞ്ജിത്ത്, ഹാഷിം എന്നിവർ ഒളിവിലാണ്.