ആലുവ: വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പ്രതികൾ പിടിയിൽ.
പതിനഞ്ചു വർഷമായി ഒളിവിലായ ചൂർണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ(44), എട്ട് വർഷമായി ഒളിവിലായിരുന്ന മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ സൂരജ് (35) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
അനിൽകുമാർ 1998ൽ അശോകപുരം സ്വദേശിയെ മർദിച്ചവശനാക്കിയ ശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002 ൽ ആലുവ മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം ശിക്ഷിച്ചു.
ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി ശിക്ഷ ഒരു വർഷമായി കുറവ് ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
2012 ൽ കേസിൽ ഉൾപ്പെട്ട വാഹനം ചിത്രീകരിച്ച വീഡിയോ ഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു ഇയാൾ.
മുങ്ങി നടക്കുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.
ആലുവ സ്റ്റേഷനിൽ മാത്രം രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിൽപ്പെട്ട പത്തോളം പേരെ പിടികൂടി.