പയ്യന്നൂര്‍: കുപ്പത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കുപ്പം വൈര്യാംകോട്ടം സ്വദേശി കല്ലിങ്കല്‍ ദിനേശനെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് 19 വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതിയുടെ വിധിയുണ്ടായത്.
കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍ (45), നാഗേഷ് മുസ്തഫ (50), ഉളിയന് മൂലയില്‍ മൊയ്തീന് (39), മീത്തലെ വളപ്പില്‍ ഷഫീഖ് (38), ഉളിയന് മൂലയില്‍ തയ്യൂബ് (38) എന്നിവര്‍ 14 വര്‍ഷം നാലുമാസം തടവും 37,500 രൂപ വീതം പിഴയൊടുക്കാനുമാണ് വിധി. ആയുധം ഒളിപ്പിച്ച് വെക്കാന്‍ സഹായിച്ച ഏഴാം പ്രതി പാലക്കോടന്‍ ഷബിറിനെ (38)രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച് ജാമ്യത്തില്‍ വിട്ടു.
2001 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം .ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ ദിനേശന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ രാത്രി 7.45ന് കുപ്പം പുഴക്കരയിലെ റോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. വെട്ടേറ്റ് പഴുപ്പ് കയറിയ വലതുകാല്‍ ചികിത്സക്കിടയില്‍ മുറിച്ചു മാറ്റേണ്ടി വന്നു.
ദൃക്സാക്ഷികളുടെ മൊഴിരേഖപ്പെടുത്തിയ കോടതി 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ പരിശോധിക്കുകയുമുണ്ടായി. അക്രമത്തിനുപയോഗിച്ച മാരകായുധങ്ങള്‍ കണ്ടെത്തി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവ.പ്ലീഡര്‍ കെ.പ്രമോദ് ഹാജരായി. ഏഴു പ്രതികളിലെ രണ്ടാംപ്രതി ലത്തീഫ് കൊല്ലപ്പെട്ടിരുന്നു.
ലത്തീഫ് ഇടതുകാലിന്റെ മുട്ടിന് പിറകില്‍ വെട്ടിയെന്നും നാലാംപ്രതി മൊയ്തീന് വലതു കാലിന്റെ മുട്ടിന് പിറകില്വെട്ടിയെന്നും ആറാം പ്രതി ഇരുമ്പുവടികൊണ്ട് നെഞ്ചത്തടിച്ചുവെന്നും ഒന്ന്, മൂന്ന്,അഞ്ച് പ്രതികള്‍ കത്തിവാളുകൊണ്ട് വെട്ടിയെന്നുമായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.2005 മുതല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന കേസിലാണ് ശിക്ഷാവിധി്.