തൊടുപുഴ: കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്നു വേട്ട. ഒരു കോടിയുടെ ഹാഷിഷ് ഓയിലും 30 ലക്ഷം രൂപയുടെ കഞ്ചാവും പിടികൂടി.
മൂന്നു പ്രതികളെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴോടെ സ്പെഷൽ സ്ക്വാഡും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്.
തോപ്രാംകുടി ദൈവംമേട് ഇടാട്ട്തറയിൽ പ്രദീപ് (30) , ഇരട്ടയാർ ശാന്തിഗ്രാം പാറത്തരികത്ത് മഹേഷ് (26) , തങ്കമണി വാഴവര എട്ടാംമൈൽ ചേറ്റുകുഴിയിൽ റെനി (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കുമളിയിലും പരിശോധന നടത്തിയത്. ആന്ധ്രയിൽ നിന്നും കന്പത്തെത്തിച്ച മയക്കുമരുന്നുകൾ പിന്നീട് കട്ടപ്പനയിൽ കൊണ്ടുവന്ന് വിവിധ മേഖലകളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ടോമിയെന്ന ആളാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു നൽകിയതും വാഹനം ഏർപ്പാടാക്കിയതെന്നും പ്രതികൾ എക്സൈസിനു മൊഴി നൽകി.
വൻ മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ട ആളാണ് ടോമിയെന്നും ഇയാൾക്കെതിരെ ഒട്ടേറെ എക്സൈസ് , ഡിആർഐ കേസുകൾ നിലവിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കായി എക്സൈസ് അന്വേഷണം ഉൗർജിതപ്പെടുത്തി.