മാവേലിക്കര: വീട്ടമ്മയെ ആക്രമിച്ചു സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ ചെങ്ങന്നൂർ പേരിശേരി പാണ്ടവൻപാറ മൂലേഴത്ത് രഞ്ജിത് (പോപ്പി–35), പേരിശേരി നൂറ്റവൻപാറ കാട്ടുപാടത്ത് രതീഷ് (ബാഷ–45) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 17നു മറ്റം വടക്ക് ആൽത്തറമൂടിനു സമീപം വച്ചാണു മറ്റം വടക്ക് മണ്ണടിക്കാവിൽ ശാരദാമ്മയെ (62) ആക്രമിച്ചാണു ഒന്നേകാൽ പവന്റെ മാല അപഹരിച്ചത്. ബസിൽ വന്നിറിങ്ങി വീട്ടിലേക്കു നടന്നു പോകവേ ഹൈൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതികൾ വഴി ചോദിക്കാനെത്തിയാണ് മാല പൊട്ടിച്ചത്.
മാല പൊട്ടിച്ചെടുത്ത ശേഷം ശാരദാമ്മയെ പിടിച്ചു തള്ളുകയും ചെയ്തു. ചെങ്ങന്നൂരിലെ ബാറിനു സമീപത്തു നിന്നു സിഐ ജി.പ്രൈജു, എസ്ഐ ആർ.പ്രതിഭ നായർ, സീനിയർ സിവിൽ പൊലിസ് ഓഫിസർ ഉണ്ണികൃഷ്ണപിള്ള, സിവിൽ പൊലിസ് ഓഫിസർമാരായ മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, വി.വി.ഗിരീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.